2009, ഒക്ടോബര്‍ 10, ശനിയാഴ്ച

നിഹാലയുടെ മയില്‍ക്കുഞ്ഞുങ്ങള്‍


കുട്ടികള്‍ക്കുള്ള  ചിത്രങ്ങളോട് കൂടിയ കഥയാണ് .മുപ്പതു  പേജുകള്‍ ഇതുപോലെയുള്ളത്. .ബ്ലോഗ്‌ വായനക്കാര്‍ക്ക് എളുപ്പത്തില്‍ കാണാനും വായിക്കാനും എന്താണ് ചെയ്യുക? പറഞ്ഞു തരാമോ ?

2009, ജൂണ്‍ 20, ശനിയാഴ്ച

മണല്‍ത്തരികളോട്

എതു പൊന്‍തൂവല്‍
ചിറകിലേറ്റും കിളിയും
പൊഴിക്കുമവയൊരുനാള്.
ഏതു വന്‍മരവും
പൊഴിക്കുമാകാശ-
മാദ്യമായ്‌
കാണുവാനങ്കുരിച്ച
പത്രങ്ങള്‍ .
എതു പകലും
ചുവക്കും
പിന്നെ ഇരുളും
അതുപോലേതു
കൂരിരുട്ടും
തെളിയുമൊരുനാള്.
എതു മണല്‍ത്തരിയും
കടന്നുചെല്ലാം
ചിപ്പിക്കുള്ളില്‍
പവിഴമായ്ത്തീരാം
കാത്തിരിക്കുക
പവിഴമായ്ത്തീരുക
മണല്ത്തരികളെ.

2009, ജൂണ്‍ 3, ബുധനാഴ്ച

ഒരുക്കം

ചിലന്തി വല
രൂപപ്പെടുന്നതിന്
മുന്‍പേ
വലയില്‍
വീഴെണ്ടവര്‍യാത്ര
തുടങ്ങിയിട്ടുണ്ടാവും.
ലക്ഷൃ സ്ഥാനം
ഒരുക്കാനുള്ള
തിരക്കിലാണ്
ചിലന്തി.

2009, മേയ് 26, ചൊവ്വാഴ്ച

അറിഞ്ഞിരുന്നില്ലെങ്കില്‍

ഭംഗിയുള്ള കൂട്
സ്വര്‍ണം കൊണ്ടുള്ളത് .
കിടക്കാന്‍
പട്ടുമെത്ത .
പാലും പഴവുമായി
പരിചാരകര്‍ .
ഇനിയെന്ത് വേണം?
പുറത്തൊരു
ആകാശമുണ്ടെന്നു
അറിഞ്ഞിരുന്നില്ലെങ്കില്‍...............

2009, മേയ് 17, ഞായറാഴ്ച

മേല്‍ക്കൂര

മുഖം
തിരിക്കേണ്ട
വെയില്‍,
മഴ,
മഞ്ഞു
ഇവയറിയാതെ
നിന്നെ
കാത്തത് ചകിരിക്കൂടു കൊണ്ടുള്ള
ഈ മേല്‍ക്കൂര
തന്നെയാണ്.

2009, മേയ് 13, ബുധനാഴ്ച

പ്രതീക്ഷ

ചാരടി
കട്ടില്‍
ഇരിപ്പിടങ്ങള്‍
എല്ലാം
പഴമയില്‍
പൊതിഞ്ഞ
അയലത്തെ
പുതിയ
വീട് കണ്ടു
മുത്തശ്ശി
വൃദ്ധ സദനത്തിലെ
ജാലകങ്ങള്‍
പ്രതീക്ഷയോടെ
തുറന്നിട്ടു.

2009, മേയ് 8, വെള്ളിയാഴ്ച

അകലം

പ്രണയത്തിനകല-
മിരുമിഴി ദൂരം
സൗഹൃദത്തിനു
മൗനം.
ഊന്നുവടിക്കു
വീഴ്ച
വേദനയ്ക്കും
ചിരിക്കും
ഒരു കൈത്താങ്ങ്‌
ഇരുട്ടിനും
വെളിച്ചത്തിനും
ഒരുകണ്‍്ചിമിഴ്
കിളിക്കുഞ്ഞിനും
ആകാശത്തിനും
ഇരുചിറക്
വിത്തിനും
ചെടിക്കുമൊരു
വര്‍ഷബിന്ദു
വിടരുമാമ്പലിനു
നിലാവ്
താമരയ്ക്കു
അരുണോദയം
ഇരുമ്പഴികള്‍ക്കകലം
തറയില്‍
തണുത്തു ഉറഞ്ഞിരിക്കുമൊരു
കത്തി