2011, ജനുവരി 21, വെള്ളിയാഴ്‌ച

മാഞ്ഞു പോയവ

എനിക്കിഷ്ടം  പൂക്കളെ കിളികളെ 
പുലരി മഞ്ഞിന്‍ കണങ്ങളെ 


ഏതുറക്കത്തിലും സ്വപ്നമായ് 
അമ്മയെന്നോതും ചെറു  പുഞ്ചിരിയെ


പാതവക്കത്തെന്നോ 
പൂത്തു മാഞ്ഞ കണിക്കൊന്നയെ


 പുതു മണ്ണിന്‍
ഗന്ധ മറിഞ്ഞുണര്‍ന്ന  നാളുകളെ


എനിക്കിഷ്ടം (വെള്ളി മേഘത്താല്‍
മായുവാനെങ്കിലും) ആകാശം 
തീര്‍ത്ത മഴവില്ലിന്‍ ചിത്ര ജാലകത്തെ


 യാത്രയിലാര്‍ദ്ര മിഴിയാല്‍ 
നോക്കി കടന്നുപോം പെണ്‍കിടാവിനെ 


പദനിസ്വനം  പാര്‍ത്തിരുന്ന നാളുകളെ 


 പേരറിയാത്തേതോ പൂവിന്‍ 
ഗന്ധവുമായ് വന്നുപോയ കാറ്റിനെ ഏതോ  മരക്കൊമ്പില്‍ മറുകിളിതന്‍ 
പാട്ടിനു കാതോര്‍ത്തിരിക്കും കുയിലിനെ


എനിക്കിഷ്ടമീയിരുട്ടില്‍ പൊന്‍തിരിവെട്ടമായ്  
 വന്നുപോം മിന്നാം മിനുങ്ങിനെ 


 കുഞ്ഞുപൂവിന്‍
നെറുകയില്‍ ചുംബിക്കെ
(സാന്ധ്യ  മേഘങ്ങള്‍ തന്‍ കലഹത്താല്‍)
ചുവന്നോരാകാശത്തെവിട്ടാഴിതന്‍
മാറിലൊതുങ്ങിയ സൂര്യനെ. 


എനിക്കേറെയിഷ്ടം 
ആകാശമായ്, അഗ്നിയായ് 
ചന്ദനത്തിന്‍  ഗന്ധമായ് 
മാഞ്ഞു പോയൊരെന്‍ അച്ഛനെ.

6 അഭിപ്രായങ്ങൾ: